ഓണത്തിന് നാട്ടില്‍ പോയ കുക്ക് തിരിച്ചുവന്നില്ല, തെരുവോരം അന്തേവാസികള്‍ക്ക് ബിരിയാണിയുണ്ടാക്കി നല്‍കി മുരുകന്‍

അവധിയെടുത്ത് ഓണത്തിന് നാട്ടിലേക്ക് പോയ കുക്ക് തിരിച്ചെത്താതെ വന്നതോടെ തെരുവോരത്തില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സ്വന്തമായി ബിരിയാണിയുണ്ടാക്കി നല്‍കി മുരുകന്‍. അഗതികള്‍ക്ക് അഭയം നല്‍കുന്നു തെരുവോരത്തിന് നേതൃത്വം നല്‍കുന്നയാളാണ് മുരുകന്‍.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് മുരുകന്‍ ഇക്കാര്യം പറയുന്നത്. കൂടാതെ അന്തേവാസികള്‍ക്ക് വേണ്ടി ബിരിയാണി ഒരുക്കുന്നതും വീഡിയോയില്‍ കാണാം. ‘ഓണത്തിന് അവധിക്ക് പോയ കുക്ക് വന്നില്ല! അപ്പൊ നമ്മള്‍ തന്നെ രംഗത്തിറങ്ങി. അന്തേവാസികള്‍ക്കായി എന്റെ ആദ്യ തലശേരി ദം ബിരിയാണി പരീക്ഷണാര്‍ത്ഥം ചെയ്തു. പുകയേറ്റ് കണ്ണ് പലവട്ടം നിറഞ്ഞാലും സാരമില്ല ! കഴിക്കുന്നവരുടെ മനസ് നിറഞ്ഞു കണ്ടു.!.’ എന്ന് മുരുകന്‍ പറയുന്നു.

കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനയാണ് തെരുവോരം. അഗതികളായി തെരുവില്‍ കഴിയേണ്ടി വന്നവരെ അധിവസിപ്പിക്കുകയാണ് തെരുവോരത്തിന്റെ ദൗത്യം. മുരുഗന്‍ എസ് തെരുവോരം ആണ് ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

പതിനായിരത്തില്‍ അധികം തെരുവില്‍ വസിക്കുന്നവര്‍ക്ക് തെരുവോരം അഭയം നല്‍കിക്കഴിഞ്ഞു.’തെരുവില്‍ നിന്നും തണലിലേക്ക്’ എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. തമിഴ്‌നാട്ടില്‍ നിന്നും എസ്റ്റേറ്റ് തൊഴിലാളികളായി ഇടുക്കിയിലെത്തിയവരാണ് മുരുകന്റെ മാതാപിതാക്കള്‍.

ഓട്ടോറിക്ഷ ഡ്രൈവറായ മുരുകന്‍ തെരുവില്‍ അലയുന്നവര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണവും മരുന്നും കണ്ടെത്തുകയായിരുന്നു. 2007ലാണ് തെരുവോരം ഉണ്ടാവുന്നത്.

Exit mobile version