ജന്മനാ കാഴ്ചയില്ല, എങ്കിലും ശ്രീരേഖ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ കാണും, ഓണ്‍ലൈനിലൂടെ ക്ലാസ്സെടുക്കും; ഈ അധ്യാപികയ്ക്ക് തുണയാവുന്നത് അകക്കണ്ണിലെ വെളിച്ചം

ചേര്‍ത്തല: ജന്മനാ കാഴ്ചയില്ലെങ്കിലും അകക്കണ്ണിലെ കാഴ്ചയാണ് ശ്രീരേഖ രാധാകൃഷ്ണനായ്ക് എന്ന അധ്യാപികയെ ഇതുവരെ മുന്നോട്ട് നയിച്ചത്. തന്റെ കുറവുകളൊന്നും വകവെയ്ക്കാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ചയില്ലാതെ ക്ലാസ് നയിക്കുകയാണ് ശ്രീരേഖ ടീച്ചര്‍ ഇപ്പോള്‍.

ചേര്‍ത്തല ഗവ.ഗേള്‍സ് എച്ച്എസ്എസിലെ 5-ാം ക്ലാസ് അധ്യാപികയാണ് ശ്രീരേഖ. സാധാരണരീതിയിലെ അധ്യാപനവും ഇപ്പോള്‍ ഓണ്‍ലൈന്‍ അധ്യാപനവും സിംപിളായി തന്നെ കൈകാര്യം ചെയ്യുകയാണ് ശ്രീരേഖ. ഞരമ്പിന്റെ തകരാറ് മൂലമാണ് ജന്‍മനാലെ കാഴ്ച ശക്തി ഇല്ലാതായത്.

കാഞ്ഞിരപ്പള്ളി സ്‌പെഷല്‍ സ്‌കൂളില്‍ 7 വരെ പഠിച്ച ശേഷം അവിടെത്തന്നെ സാധാരണ സ്‌കൂളിലാണ് ശ്രീരേഖ 10-ാം ക്ലാസും പൂര്‍ത്തിയാക്കിയത്. 10-ാം ക്ലാസിലെ മാര്‍ക്ക് കുറവ് മൂലം വിഷമിച്ച ശ്രീരേഖയ്ക്ക് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ പ്രീഡിഗ്രി അധ്യാപിക വി.എ.മേരിക്കുട്ടിയാണ് പ്രചോദനമായത്.

എനിക്കും നേടണം എന്ന വാശിയില്‍ നടത്തിയ പഠനത്തില് പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ് നേടി ശ്രീരേഖ. എസ്എന്‍ കോളജില്‍ ബിരുദത്തിനും ആര്യാട് കോളജില്‍ ബിഎഡിനും മികച്ച വിജയമായിരുന്നു. എല്ലാം സാധാരണ വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ പഠിച്ച്, നോട്ടുകളെല്ലാം ബ്രെയിന്‍ ലിപിയില്‍ എഴുതിയും കൂട്ടുകാരും വീട്ടുകാരും വായിച്ചുകൊടുക്കുന്നത് കേട്ടു പഠിച്ചുമാണ് വിജയം നേടിയത്.

കോളജുകളിലേക്കുള്ള യാത്രയ്ക്ക് രക്ഷിതാക്കളും സുഹൃത്തുക്കളും ഏറെ സഹായിച്ചു. 2007ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ ശ്രീരേഖ തണ്ണീര്‍മുക്കം,വെള്ളിയാകുളം ഗവ. സ്‌കൂളുകളിലും2009 മുതല്‍ ചേര്‍ത്തല ഗവ.ഗേള്‍സ് സ്‌കൂളിലും ജോലി ചെയ്യുകയാണ്.

പാഠപുസ്തകങ്ങള്‍ ബ്രെയിന്‍ ലിപിയിലേക്കു മാറ്റിയാണ് ക്ലാസുകള്‍ എടുക്കുന്നതും നോട്‌സ് പറഞ്ഞു കൊടുക്കുന്നതും.ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമായതോടെ വിക്ടേഴ്‌സ് ചാനല്‍ ‘കണ്ടശേഷം’ ക്ലാസുകളുടെ വാട്‌സപ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെയാണ് ക്ലാസ് വിശദീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്യുന്നത്.

തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണനായ്ക്കിന്റെ ഭാര്യയും ചേര്‍ത്തല രേഖാലയത്തില്‍ രാമനാഥപൈയുടെയും ലളിതാഭായുടെയും മകളുമാണ് ശ്രീരേഖ.

Exit mobile version