24 വര്‍ഷത്തെ പ്രവാസ ജീവിതം കൊവിഡ് തകര്‍ത്തു; പക്ഷേ തോല്‍ക്കാന്‍ മനസില്ല, വീട്ടുവളപ്പില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഒരുക്കി പ്രവാസി, മാതൃക

റിപ്പോര്‍ട്ട്: ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: 24 വര്‍ഷത്തെ സന്തോഷകരമായ പ്രവാസ ജീവിതമാണ് ഒരു സുപ്രഭാതത്തില്‍ കൊവിഡ് എന്ന മഹാമാരി തകര്‍ത്തത്. അതോടെ അതിജീവനത്തിനായി സ്വന്തം വീട്ടുവളപ്പില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് ഒരുക്കി പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണ് പന്താവൂര്‍ സ്വദേശിയായ അബ്ദുറഹിമാന്‍.

ഇരുപത്തിനാല് കൊല്ലമായി അബൂദാബിയില്‍ ഡ്രൈവറായും അറബിയുടെ വീട്ടുജോലിക്കാരനായും നാല്പത്തിരണ്ടുകാരനായ അബ്ദുറഹിമാന്‍ ജോലി ചെയ്തു. ദാരിദ്രത്തിന്റെ കഠിന വഴികളെല്ലാം ഉത്തേജനമാക്കി പുതിയ ജീവിതം സാധാമാക്കി. ചെറിയൊരു വീടും സ്വന്തമായി നിര്‍മിച്ചു. ബാധ്യതകളെല്ലാം തീര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലീവിന് വന്നതോടെയാണ് കൊവിഡ് രൂക്ഷമാവുന്നതും തിരിച്ച് ഗള്‍ഫിലേക്ക് പോകാന്‍ കഴിയാതെ വന്നതും.ഇതോടെ ജീവിതം കൈവിട്ടുപോയി. ജീവിതത്തിന്റെ നല്ലൊരുഭാഗവും പ്രവാസിയായ അബ്ദുറഹിമാന്‍ തിരിച്ച് ഗള്‍ഫില്‍ പോകാന്‍ പലവട്ടം ശ്രമിച്ചു.വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടും അബ്ദുള്‍ റഹിമാന് തിരിച്ച് ഗള്‍ഫില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വിസയും കാന്‍സലായി.നിലവിലെ ജോലിയും നഷ്ടപ്പെട്ടു.

ജീവിതം വഴിമുട്ടിയപ്പോഴാണ് അതിജീവനത്തിനായി സ്വന്തം വീട്ടുവളപ്പില്‍ തന്നെ മിനി സൂപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയത്.സംസ്ഥാന പാതയോരത്താണ് വിട് .ആ സൗകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയത്.ജീവിക്കാനുള്ള വരുമാനം ഇപ്പോള്‍ കടയില്‍ നിന്നും കിട്ടുന്നുണ്ടെന്നും ജീവിതം ഹാപ്പിയാണെന്നും അബ്ദുറഹിമാന്‍ പറയുന്നു. ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ചല്ല ഇപ്പോള്‍ ചിന്തയെന്നും സ്വന്തമായി തുടങ്ങിയ കച്ചവടത്തിലാണെന്നും ഈ പ്രവാസി അഭിമാനത്തോടെ പറയുന്നു.

ജീവിതത്തില്‍ ഇതുവരെ തമാശക്കുപോലും കച്ചവടം ചെയ്ത് പരിചയമില്ലാത്ത അബ്ദുള്‍ റഹിമാന്‍ ഇന്ന് മിനി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ്. ഒരു മകനും മകളും ഭാര്യയും അടങ്ങുന്നതാണ് അബ്ദുള്‍ റഹിമാന്റെ കുടുംബം.കച്ചവടത്തില്‍ സഹായിക്കാന്‍ മക്കളും ഭാര്യയും ഒപ്പമുണ്ടാവും. കൊവിഡ് പുതിയൊരു ജീവിതം പഠിപ്പിച്ചുവെന്നാണ് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നത്.

Exit mobile version