കൊലപാതക നീക്കത്തെക്കുറിച്ച് അടൂര്‍ പ്രകാശിന് അറിയാമായിരുന്നു; എന്നിട്ടും തടഞ്ഞില്ല; കോടിയേരി

കൊച്ചി: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ച് അടൂര്‍ പ്രകാശിന് അറിയാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകനീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടഞ്ഞില്ല. ഇരട്ടക്കൊല സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. മുല്ലപ്പള്ളിയും ചെന്നിത്തലയും കൊലപാതകത്തെ ന്യായീകരിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം ആചരിക്കുന്ന കരിദിനവുമായി ബന്ധപ്പെട്ട യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

അടൂര്‍ പ്രകാശുമായി സംസാരിച്ചുവെന്ന് അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്ന ശബ്ദരേഖ നമ്മളെല്ലാം കേട്ടതാണ്. കൊല നടക്കുമെന്ന് അടൂര്‍ പ്രകാശിന് അറിയാമായിരുന്നു. എന്നിട്ടും അത് തടയാന്‍ അടൂര്‍ പ്രകാശ് ശ്രമിച്ചില്ല. അത് എന്തുകൊണ്ട് എന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടവരെ കെപിസിസി അധ്യക്ഷന്‍ ഗുണ്ടകളായി ചിത്രീകരിക്കുകയാണ്. ഒരു തരത്തിലും ഇത് ന്യായീകരിക്കാനാകില്ലെന്നും, വെഞ്ഞാറമൂട് നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്നും കോടിയേരി പറഞ്ഞു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കോടിയേരി പറഞ്ഞു. അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടതോടെ, ശ്രദ്ധ തിരിക്കാന്‍ വേണ്ടി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു.

കോണ്‍ഗ്രസുകാര്‍ പലതരത്തില്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. അതില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. രണ്ടാളെ കൊന്നതിന് പകരം രണ്ടാളെ കൊല്ലണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. കൊലയ്ക്ക് പകരം കൊല എന്നതിനെ സിപിഎം പ്രോത്സാഹിപ്പിക്കില്ല. എന്നാല്‍ അക്രമത്തെ സിപിഎം ചെറുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

സ്വര്‍ണക്കടത്തിനെ ഉപയോഗിച്ച് സിപിഎമ്മിനെ അസ്ഥിരപ്പെടുത്താന്‍ നോക്കി പരാജയപ്പെട്ടവര്‍ ആണ് കോണ്‍ഗ്രസും ബിജെപിയും. എന്നാല്‍ എല്ലാ നുണക്കഥകളും പൊളിഞ്ഞു പോയി. ഇടത് തുടര്‍ഭരണം ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ശ്രമമെന്നും ഇത് നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

Exit mobile version