ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിയമനം പിന്നീട് നല്‍കും. പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് ടോമിന്‍ ജെ.തച്ചങ്കരി.

റോഡ് സുരക്ഷാ കമ്മിഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം. മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് ടോമിന് ജെ തച്ചങ്കരിക്ക് ഇനിയുള്ളത്. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പോലീസ് മേധാവി പദവിയില്‍ നിന്നും ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.

കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍, അഗ്‌നിശമനസേനാ മേധാവി എന്നിങ്ങനെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു.

Exit mobile version