‘ ഉഴപ്പാന്‍ നോക്കേണ്ട പണി പോകും’; ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ജോലി ചെയ്യാതെ ഉഴപ്പുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ കണ്ടെത്തി സര്‍വീസില്‍ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യവും ഉള്‍പ്പെട്ടിരിക്കുന്നത. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് ജീവനക്കാര്‍ക്കും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമാണ്. ജോലിയില്‍ കൃത്യത വരുത്താതെ ഉഴപ്പുന്നവരോട് വിരമിക്കാന്‍ പറയാം.

ഇതിന് പ്രായപരിധിയൊന്നും പരിഗണനാ വിഷയമായേക്കില്ലെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. സത്യസന്ധരല്ലാത്ത അഴിമതി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരോടും വിരമിക്കാന്‍ ആവശ്യപ്പെടാം. ഗ്രൂപ്പ് എ, ബി ഗണത്തില്‍ വരുന്ന ഉദ്യോഗസ്ഥരോടും 50 വയസ് കഴിയുമ്പോള്‍ വിരമിക്കാന്‍ സര്‍ക്കാറിന് ആവശ്യപ്പെടാമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഇതിന് പുറത്തുള്ള ഉദ്യോഗസ്ഥരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാന്‍ ആവശ്യപ്പെടാന്‍ കഴിയും. സര്‍വ്വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തില്‍ പ്രായം പരിഗണിക്കാതെ തന്നെ വിരമിക്കല്‍ ആവശ്യപ്പെടാം.അതേസമയം, വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്കും. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version