കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എസ് രമേശന്‍ നായര്‍ക്ക്; പുരസ്‌കാരം ഗുരുപൗര്‍ണമിക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള ഭാഷയില്‍ നിന്ന് കവിയും ഗാന രചയിതാവുമായ എസ് രമേശന്‍ നായര്‍ പുരസ്‌കാരത്തിന് ഉടമയായി. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഏറ്റുവാങ്ങുന്ന ഗുരുപൗര്‍ണമി എന്ന കൃതിക്കാണ് പുരസ്‌കാരം.

2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരവും ആശാന്‍ പുരസ്‌കാരവും രമേശന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉര്‍വശീപൂജ, അഗ്രേ പശ്യാമി, സരയൂ തീര്‍ഥം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകള്‍. സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍, തെന്‍പാണ്ഡി സിംഹം, സംഗീത കനവുകള്‍ എന്നിവയാണ് വിവര്‍ത്തനങ്ങള്‍. കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, പഞ്ചാമൃതം, കുട്ടികളുടെ ചിലപ്പതികാരം തുടങ്ങി ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചു. 150ഓളം ചലച്ചിത്രങ്ങള്‍ക്ക് രമേശന്‍ നായര്‍ ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.

മലയാളത്തില്‍ നിന്ന് പുരസ്‌കാരം നിശ്ചയിച്ചത് സി രാധാകൃഷ്ണന്‍, എം മുകുന്ദന്‍, എംഎം ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ്.

ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരവും ലഭിച്ചിരിക്കുന്നതും മലയാളിക്കാണ്. അനീസ് സലിമിനാണ് പുരസ്‌കാരം. അനീസിന്റെ നോവലായ ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റസിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

Exit mobile version