ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുമായി കെഎസ്ഇബി; ആദ്യ സ്റ്റേഷന്‍ പണി പൂര്‍ത്തിയായി; ഒരുങ്ങുന്നത് 250-ഓളം സ്റ്റേഷനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിസരത്തുള്ള ചാര്‍ജ്ജിംഗ് സ്്‌റ്റേഷന്റെ പണി പൂര്‍ത്തിയായി എന്നും മന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളിലുമായി 250-ഓളം വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. കെഎസ്ഇബിഎല്‍-ന്റെ സ്വന്തം സ്ഥലത്തും, സര്‍ക്കാരിന്റേയോ, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലുമായാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ആദ്യഘട്ടമായി ആറ് കോര്‍പ്പറേഷനുകളിലായി കെഎസ്ഇബിഎല്‍ന്റെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന ജോലി നടന്നുവരുന്നു. ഇതില്‍ തിരുവനന്തപുരത്തേത് നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് പൂര്‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം 3 കാറുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ 5 കോര്‍പ്പറേഷനുകളില്‍ ഇത്തരം സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പൂരോഗമിക്കുന്നു. തുടര്‍ന്ന് 56 സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ദര്‍ഘാസുകളും ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version