ചലഞ്ച് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; അതിഥിത്തൊഴിലാളിക്ക് പബ്ജി കളിച്ച് മനോനില തെറ്റി

ഉദുമ: പബ്ജി മൊബൈല്‍ ഗെയിം കളിച്ചു അതിഥി തൊഴിലാളിയായ യുവാവിന് മനോനിലതെറ്റി. ഉദുമ സഹകരണ ബാങ്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശിക്കാണ് മനോനില തെറ്റിയത്. മനോനില തെറ്റിയതിനെ തുടര്‍ന്ന് ഇയാള്‍ ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഉദുമ സഹകരണ ബാങ്കിനടുത്താണു സംഭവം.

റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്തു. ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു. തുടര്‍ന്നു താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരെയും ഇയാള്‍ ആക്രമിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കീഴടക്കിയത്. തുടര്‍ന്ന് ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മംഗളൂരുവിലേക്കും മാറ്റി. യുവാവ് ഓണ്‍ലൈനില്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് കൂടെ താമസിക്കുന്നവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഗെയിമിലെ ചാലഞ്ച് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ഇയാള്‍ ബഹളം വച്ചിരുന്നു. ഇതേ തുടര്‍ന്ന് രാത്രി തന്നെ കൂടെ താമസിക്കുന്നവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ഇയാള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ രാവിലെ ആയപ്പോഴേക്കും അക്രമകാരിയാകുകയായിരുന്നു.

Exit mobile version