വിമാനത്താവള സ്വകാര്യവത്ക്കരണം സ്വാഗതം ചെയ്ത തരൂരിന്റെ നിലപാട് വഞ്ചനാപരം; ജനങ്ങളോട് മറുപടി പറയേണ്ടിവരും: കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എംപിയുടെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണിത്. മുതലാളിമാര്‍ക്കായുള്ള നിലപാടില്‍ നിന്ന് തരൂര്‍ പിന്മാറണം എന്നും കടകംപള്ളി ആവശ്യപ്പെട്ടു.

കച്ചവടത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ജനകീയ പ്രതിരോധമാണ് ഇനി മാര്‍ഗമെന്നും വിമാനത്താവളം നല്ല രീതിയില്‍ നടത്താന്‍ ടിയാലിന് കഴിയുമെന്നും കടകംപള്ളി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്ക്കരിക്കാനുള്ള തീരുമാനം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്. ആര് നടത്തിയാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും മറ്റു നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമാണ്. വിവാദമാണെങ്കിലും തിരുവനന്തപുരത്തെ ജനങ്ങള്‍ നേരിട്ട കാലതാമസത്തെക്കാള്‍ തീരുമാനം ഗുണം ചെയ്യുമെന്നും തരൂര്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് ലീസിന് നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

Exit mobile version