കൊവിഡ് വ്യാപന ഭീതിയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍; ഇന്ന് 145 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗികള്‍ 362; ഒരു മരണം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്കു കൂടി കൊവിഡ്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 298 പേരില്‍ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ പൂജപ്പുര ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 362 ആയി. അതേസമയം ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരന്‍ മണികണ്ഠന്‍ (72) ഞായറാഴ്ച രാവിലെ മരിച്ചു. വിചാരണ തടവുകാരനായിരുന്നു.

ജയിലില്‍ ആകെ 1200 തടവുകാരാണ് ഉള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കും പരിശോധന നടത്തും. കഴിഞ്ഞ നാലുദിവസത്തിനിടെ അഞ്ഞൂറോളം പേര്‍ക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍, നിലവില്‍ ജയിലിലെ പ്രത്യേക കേന്ദ്രങ്ങളിലാണ് രോഗികള്‍ക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്.

Exit mobile version