കോവിഡ് പരിശോധനയ്‌ക്കെത്തുന്നത് ഡോക്ടര്‍ താമസിക്കുന്നിടത്ത്, കാത്തുനില്‍ക്കുന്നത് പെരുവഴിയില്‍, പരിസരത്ത് തുപ്പുന്നുവെന്നും മാസ്‌കുകള്‍ ഉപേക്ഷിക്കുന്നുവെന്നും പരാതി

വെള്ളറട: കോവിഡ് കേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ പോലുമുള്ള സൗകര്യമില്ല. പലരും ഡോക്ടറെയും കാത്ത് നില്‍ക്കുന്നത് പെരുവഴിയില്‍. ആനപ്പാറ ആശുപത്രിയോട് ചേര്‍ന്ന് ഡോക്ടറുടെ താമസമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തുന്നവര്‍ക്കാണ് ഈ ദുരിതം.

രോഗലക്ഷണങ്ങളുള്ളവരാണ് ഇവിടെ പരിശോധനയ്‌ക്കെത്തുന്നവരില്‍ ഭൂരിഭാഗവും. പരിശോധന നടത്തുന്ന ദിവസങ്ങളില്‍ അന്‍പതിലേറെപേര്‍ ഇവിടെ എത്തുന്നുണ്ട്. ഇവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യമില്ല. റോഡിലും മറ്റും പൊരിവെയിലത്ത് നില്‍ക്കേണ്ടിവരുന്നുവെന്നാണ് ആക്ഷേപം.

മഴ ദിവസങ്ങളില്‍ ബുദ്ധിമുട്ട് രൂക്ഷമാകുന്നു. റോഡില്‍ നില്‍ക്കുന്നവര്‍ പരിസരത്ത് തുപ്പുന്നുവെന്നും, ആഹാരം പൊതിഞ്ഞുകൊണ്ടുവരുന്ന പേപ്പറും, ഇലയും, അവശിഷ്ടങ്ങളും പ്രദേശത്ത് ഉപേക്ഷിക്കുന്നുവെന്നും നാട്ടുകാര്‍ പരിഭവിക്കുന്നു. മാസ്‌ക്‌പോലും ഇവിടെ ഉപേക്ഷിച്ചു പോകുന്നവരുണ്ടെന്നാണ് ആരോപണം.

ഇത്തരം സാഹചര്യങ്ങള്‍ രോഗമുള്ളവരില്‍ നിന്നും പരിശോധനയ്‌ക്കെത്തുന്ന രോഗമില്ലാത്തവരില്‍ കൊറോണ പകരാന്‍ കാരണമാകുമെന്നാണ് ഉയരുന്ന പരാതി. അധികൃതരും ഇക്കാര്യത്തില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Exit mobile version