പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 പേര്‍ക്കുകൂടി കൊവിഡ്; കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 102 ആയി

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലില്‍ കൊവിഡ് ബാധിച്ച തടവുകാരുടെ എണ്ണം 102 ആയി. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന ജയിലിലെ എല്ലാ തടവുകാര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു.

പൂജപ്പുറ ജയിലില്‍ 1200 തടവുകാരാണ് ഉള്ളത്. അതേസമയം സംസ്ഥാനത്തെ ജയിലുകളില്‍ രോഗം സ്ഥിരീകരിക്കുന്ന തടവുകാരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു.രണ്ടുദിവസത്തിനുള്ളില്‍ എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം വലിയുതറ ഗവണ്മെന്റ് യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.50 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 21 പേരില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ പ്രായമായവരും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ക്യാമ്പില്‍ ആകെ എഴുപതോളം ആളുകളാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്ക് നാളെ പരിശോധന നടത്തും.

Exit mobile version