ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ; ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കോടതിയിലാണ് ഫ്രാങ്കോ കുറ്റം നിഷേധിക്കുന്നത്. ബിഷപ് ഫ്രാങ്കോയെ ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 16ന് തുടങ്ങും.

ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്ന് ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് പരാതി നല്‍കുകയായിരുന്നു.

ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 സിസ്റ്റര്‍മാരും ഉള്‍പ്പടെ 84 സാക്ഷികളാണ് ഉള്ളത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ 6 വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

Exit mobile version