‘രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത തടവുകാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നു’; സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ തടവുകാര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കൊവിഡ് പരിശോധന നടത്തണമെന്ന് ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ജയിലുകളില്‍ രോഗം സ്ഥിരീകരിക്കുന്ന തടവുകാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 59 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പൂജപ്പുറ ജയിലിലെ 1200 തടവുകാര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു.

കൂടാതെ ജയിലിലെ നിരീക്ഷണ കേന്ദ്രങ്ങളിലടക്കം മാറ്റമുണ്ടാകും. പൂജപ്പുര, കണ്ണൂര്‍, വിയൂര്‍ തുടങ്ങിയ സെന്‍ട്രല്‍ ജയിലുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.ജയിലുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന കാര്യങ്ങളിലടക്കം നിയന്ത്രണമുണ്ടാകും. നേരത്തെ കൊല്ലം ജില്ലാ ജയിലിലെ 132 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Exit mobile version