‘വെള്ള ഷര്‍ട്ട്, കണ്ണട, നര വീണ മുടി’ ആദ്യം ശൈലജ ടീച്ചറെങ്കില്‍ ഇത്തവണ മുഖ്യമന്ത്രി; പിണറായി വിജയനെയും അനുകരിച്ച് ആവര്‍ത്തന, വീഡിയോ

ആറ് വയസുകാരിയായ ആവര്‍ത്തന എന്ന കൊച്ചു മിടുക്കിയെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ട് അധികമായില്ല. നിയമസഭയില്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ നടത്തിയ തീപ്പൊരി പ്രസംഗം അനുകരിച്ചാണ് ആവര്‍ത്തന കൈയ്യടിയും അതുപോലെ സോഷ്യല്‍മീഡിയയിലും നിറയാന്‍ ഇടയാക്കിയത്.

നോക്കിലും നില്‍പ്പിലും വാക്കിലും ‘ടീച്ചറിനെ’ വാര്‍ത്തുവെച്ചപോലെ ആയിരുന്നു ഈ കൊച്ചുമിടുക്കിയുടെ അവതരണം. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ടീച്ചറും ആവര്‍ത്തനയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു അനുകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആവര്‍ത്തന. ഇത്തവണ മറ്റാരുമല്ല, കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ദിവസേനയുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ഒരു ഭാഗമാണ് അനുകരിക്കുന്നത്.

അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയുന്നതാണ് ആവര്‍ത്തന അതേപടി അനുകരിക്കുന്നത്. കണ്ണടവെച്ച് വെള്ള ഷര്‍ട്ട് ധരിച്ച് തല നരപ്പിച്ചാണ് ആവര്‍ത്തന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

മുന്നില്‍ മൈക്കും ഒരു ഗ്ലാസ് വെള്ളവും ഒക്കെ തയ്യാറാക്കി വെച്ചിട്ടുമുണ്ട്. ‘രാഷ്ട്രീയമായി ആരും കാണരുത് മോളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ട് കമന്റ് ചെയ്യുക..’ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്.

Exit mobile version