ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങി; വിഷരഹിത പച്ചക്കറികള്‍ വിറ്റ് നടന്‍ ശിവദാസ് മട്ടന്നൂരിന്റെ അതിജീവനപോരാട്ടം, ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാര്‍ക്കായി മാറ്റിവെച്ച് താരം

കണ്ണൂര്‍: കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പലരും ഇന്ന് അതിജീവനത്തിനായുള്ള പരിശ്രമത്തിലാണ്. അക്കൂട്ടത്തില്‍ നടന്‍ ശിവദാസ് മട്ടന്നൂരും ഉള്‍പ്പെടും. ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങിയപ്പോള്‍ ജീവിതം മുന്നോട്ടുപോകാന്‍ പച്ചക്കറി വ്യാപാരം തുടങ്ങിയിരിക്കുകയാണ് ശിവദാസ്.

ശിവദാസ് മട്ടന്നൂരും, സതീഷ് കൊതേരിയും ചേര്‍ന്നാണ് കൊതേരിയില്‍ ജൈവപച്ചക്കറി ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. പുലര്‍ച്ചെ എഴുന്നേറ്റ് മൂന്ന് മാര്‍ക്കറ്റിലെത്തി പച്ചക്കറി ശേഖരിക്കും. ശേഷം വില്‍പ്പനയ്ക്കായി കീഴല്ലൂര്‍ പഞ്ചായത്ത് പരിതിയിലുള്ള വീടുകളില്‍ പച്ചക്കറി വണ്ടിയുമായി ശിവദാസും കൂട്ടരും എത്തും.

കൊതേരിയിലെ കടയിലും കച്ചവടത്തിരക്കു തന്നെ. വൈകിട്ട് ആറുവരെയാണ് പച്ചക്കറി വില്‍പന. വിഷരഹിതമായ പച്ചക്കറികള്‍ സമൂഹത്തിന് വിതരണം ചെയ്യുക, വിറ്റുകിട്ടുന്ന ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിന് സഹായത്തിനായി ഉപയോഗിക്കുക എന്നീ രണ്ട് ലക്ഷ്യത്തോടു കൂടിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഷൂട്ടിങും സ്റ്റേജ് പരിപാടികളുമില്ലാതായതോടെ ഇനിയെന്ത് എന്നൊരു ചോദ്യം ആദ്യം ശിവദാസിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി തലയുയര്‍ത്തി തന്നെ ശിവദാസ് നിന്നു. പ്രതിസന്ധികളില്‍ തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു അദ്ദേഹത്തിന്. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട സങ്കടത്തില്‍ കഴിയുന്നവര്‍ക്ക് മാതൃകയാക്കാം അധ്വാനിക്കാന്‍ മനസ്സും ചങ്കുറപ്പുമുള്ള ശിവദാസ് എന്ന കലാകാരനെ.

Exit mobile version