ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവംബര്‍ 16നു തുടങ്ങുന്ന തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിലെത്തുന്ന ഭക്തരെ വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടനം പൂര്‍ണ തോതില്‍ നടത്തുന്നതിനു പരിമിതികളുണ്ടെന്നു യോഗം വിലയിരുത്തി.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന തീര്‍ഥാടകരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ എത്താറുള്ളത്. എന്നാല്‍ കോവിഡ് വ്യാപിക്കുന്ന ഈ സാഹചര്യങ്ങളില്‍ ഭക്തരുടെ സുരക്ഷയും കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.

Exit mobile version