പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കെഡിഎച്ച്പി

ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപെട്ട കമ്പനി തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കണ്ണന്‍ദേവന്‍. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് കെഡിഎച്ച്പി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നേരത്തെ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 30 മുറികള്‍ ഉള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. എണ്‍പതോളം പേര്‍ അവിടെ താമസിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 24 പേരാണ് മൂന്നാര്‍ പെട്ടിമുടി മണ്ണിടിച്ചിലില്‍ പെട്ട് മരിച്ചത്. മണ്ണിനടിയില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

81 പേര്‍ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കില്‍ പറയുന്നത്. 58 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ലയങ്ങളില്‍ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാര്‍ത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version