രാജമല മണ്ണിടിച്ചില്‍: ആശയവിനിമയം സാധ്യമാക്കാന്‍ താല്‍ക്കാലികമായി ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കും

തിരുവനന്തപുരം: രാജമലയില്‍ താല്‍ക്കാലികമായി ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനായുള്ള നടപടി തുടങ്ങി. പ്രദേശത്ത് ആശയവിനിമയത്തിന് സംവിധാനം ഇല്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് നടപടി.

മണ്ണിടിച്ചില്‍ ഉണ്ടായ ഇടുക്കി രാജമലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും തിരിച്ചിട്ടുണ്ട്. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം. അഞ്ച് പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി ടാറ്റാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കണ്ണന്‍ ദേവന്‍ പ്ലാന്റെഷന്റെ ലയത്തിലാണ് അപകടം നടന്നത്. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. അതേസമയം കനത്ത മഴ പ്രദേശത്ത് തുടരുകയാണ്.

Exit mobile version