പ്രളയ ഭീതിയില്‍ നിലമ്പൂര്‍; മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി, ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി

നിലമ്പൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ജനതപടിയില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ കനത്ത മഴയില്‍ ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ നിലമ്പൂരിലെ പല പ്രദേശങ്ങളും ഭീതിയിലാണ്.

പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാര്‍ പുഴകള്‍ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. ദുരന്ത സാധ്യത മുന്നില്‍ കണ്ട് നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ് അധികൃതര്‍.

കനത്ത മഴയില്‍ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ശക്തമായ മഴയില്‍ ഒലിച്ചു പോയത്. വയനാട്ടിലും ശക്തമായ മഴയാണ് പെയ്യുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 390 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.

Exit mobile version