ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച് കഠിനമായി പരിശ്രമിച്ചു, ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് നേട്ടം സ്വന്തമാക്കി അശ്വതി, നാല്പതാം റാങ്കിന്റെ മധുരം

കൊല്ലം: ചിട്ടയായ പഠനത്തിലൂടെ കഠിനമായി പരിശ്രമിച്ച് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് കൊല്ലം ജില്ലക്കാരിയായ അശ്വതി ശ്രീനിവാസ്. വീട്ടുകാരുടേയും അധ്യാപകരുടേയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തന്നെ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിക്കാന്‍ പ്രാപ്തയാക്കിയതെന്ന് അശ്വതി പറയുന്നു.

മെഡിക്കല്‍ പ്രൊഫഷനില്‍ നിന്നും 40ാം റാങ്ക് സ്വന്തമാക്കിയാണ് അശ്വതി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത്. തന്റെ നാലാമത്തെ ശ്രമത്തിലാണ് അശ്വതി സ്വപ്നനേട്ടം സ്വന്തമാക്കിയത്. ചെറുപ്പം മുതല്‍ക്ക് സിവില്‍ സര്‍വീസ് സ്വപ്നം കണ്ടു വളര്‍ന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അശ്വതി പറയുന്നു.

തനിക്ക് ഇഷ്ടമുള്ള പ്രൊഫഷന്‍ എന്ന നിലക്കാണ് മെഡിസിന്‍ തിരഞ്ഞെടുത്തതും പഠനം ആരംഭിച്ചതും. എന്നാല്‍ ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസ്സില്‍ കയറിപ്പറ്റുന്നതെന്നും അതിനുവേണ്ടി പരിശ്രമിക്കാമെന്ന് തീരുമാനിക്കുന്നതെന്നും അശ്വതി പറയുന്നു.

സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹമുണ്ടാവാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും സര്‍ക്കാര്‍ സര്‍വീസില്‍ ആണ്. അവരില്‍ നിന്നും സിവില്‍ സര്‍വീസിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. പിന്നെ സുഹൃത്തുക്കളില്‍ പലരും എന്‍ട്രന്‍സ് ക്രാക്ക് ചെയ്തതോടെയാണ് എനിക്കും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം ജനിക്കുന്നതെന്ന് അശ്വതി കൂട്ടിച്ചേര്‍ത്തു.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ ഞാന്‍ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ ഒരു വര്‍ഷം സെല്‍ഫ് പ്രിപ്പറേഷന്‍ ആയിരുന്നു. പുസ്തകങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് പഠിച്ചു. എന്നാല്‍ ആദ്യ ശ്രമത്തില്‍വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ ചിട്ടയായ പഠനം ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു.

ഇത്തവണ വിജയം നേടുന്നത് വരെയുള്ള എന്റെ എല്ലാ സിവില്‍ സര്‍വീസ് പരിശീലനങ്ങളും അവിടെ വച്ചായിരുന്നു. കൃത്യമായ സിലബസ്, ചിട്ടയായ പഠനം ഇതായിരുന്നു പിന്തുടര്‍ന്ന രീതി. മനസ്സില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അത് സത്യസന്ധമാണെങ്കില്‍ വിജയിക്കും വരെ പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് അശ്വതി വ്യക്തമാക്കി.

അത്തരത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് നാല്പതാം റാങ്കിന്റെ മധുരം. ഇത് എന്റെ നാലാമത്തെ പ്രിലിമിനറി എക്‌സാം ആണ്, രണ്ടാമത്തെ മെയിന്‍ എക്‌സാം ആണ്, ആദ്യത്തെ അഭിമുഖവും. വിജയം കാണും വരെ പരിശ്രമം തുടരും എന്ന മനസാണ് വിജയത്തിനുള്ള അടിസ്ഥാനമെന്നും അശ്വതി പറയുന്നു.

സിവില്‍ സര്‍വീസ് ആസ്പിറന്റ് ആയ ഒരു വ്യക്തി എത്ര നേരം പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നത് തന്നെയാണ് പ്രധാനം. എല്ലാ ദിവസവും ഒരേ പോലെ ആയിരിക്കുകയില്ല. അതിനാല്‍ താല്പര്യങ്ങള്‍ക്ക് അധിഷ്ഠിതമായി പഠിക്കണം.

ഞാന്‍ ചില ദിവസങ്ങളില്‍ 14 മണിക്കൂര്‍ വരെ പഠിച്ചിട്ടുണ്ട്. എന്നാല്‍ വേറെ ചില ദിവസങ്ങളില്‍ പഠിക്കാന്‍ തീരെ താല്പര്യം തോന്നില്ല. അപ്പോള്‍ പഠനം നാല് മണിക്കൂര്‍ വരെയായി ചുരുങ്ങും. അതിനാല്‍ തന്നെ ദിവസവും എത്ര മണിക്കൂര്‍ പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ഒറ്റക്കുള്ള പഠനത്തേക്കാള്‍ ഏറെ അക്കാദമിയിലെ സുഹൃത്തുക്കളുമൊത്തുള്ള കാമ്പയിന്‍ സ്റ്റഡീസ് ആണ് എനിക്ക് ഗുണകരമായിട്ടുള്ളതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

Exit mobile version