മഴ ശക്തമായി തുടരുന്നു, മണ്ണിടിച്ചില്‍ ഭീഷണിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ആശങ്കയിലും ഭീതിയിലും ഇടുക്കി

തൊടുപുഴ: ഇടുക്കിയില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കവെ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍കാലിക പാലം അപകടവസ്ഥയില്‍ നില്‍ക്കുകയാണ്.

ഇടുക്കിയില്‍ മൂന്നാറിലും പീരുമേടുമാണ് മഴ തിമര്‍ത്ത് തന്നെ പെയ്യുകയാണ്. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി മുത്തുക്കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അടുക്കളയും മരം വീണ് തകര്‍ന്നു. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി മൂന്നാറില്‍ നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇക്കാനഗറില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ ഇവിടെയുള്ള രണ്ട് കുടുംബങ്ങളെ ക്യാംപിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ദേവികുളത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളിലും ക്യാംപ് തുറന്നിട്ടുണ്ട്. കന്നിമലയാറ്റില്‍ നീരൊഴുക്ക് കൂടിയതോടെ പെരിയവര താല്‍ക്കാലിക പാലത്തിന് മുകളില്‍ വെള്ളം കയറി. ഇതോടെ രണ്ട് മണിക്കൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആറ്റില്‍ ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ പാലം വീണ്ടും തകരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Exit mobile version