എളങ്കുന്നപുഴയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; അപകടം പുലര്‍ച്ചെ

കൊച്ചി: എറണാകുളം എളങ്കുന്നപുഴയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്ന് തൊഴിലാളികളെയാണ് കാണാതായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തി വരികയാണ്.

എളങ്കുന്നപ്പുഴ പുക്കാട് ഭാഗത്ത് രണ്ട് വഞ്ചികളില്‍ നാല് പേരാണ് മീന്‍ പിടുത്തത്തിന് പോയത്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്.

ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാള്‍ കുറ്റിയില്‍ പിടിച്ചു കയറി നീന്തി രക്ഷപ്പെടുകയും ചെയ്തു. അപകടമുണ്ടായത് കനത്ത മഴയിലും പുലര്‍ച്ചെയുമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ശേഷം രക്ഷപ്പെട്ട് എത്തിയ ആളാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്.

Exit mobile version