കാഞ്ഞങ്ങാട് മുതല്‍ കോഴിക്കോട് വരെ കയറിയിറങ്ങിയത് അഞ്ച് ആശുപത്രികള്‍; ചികിത്സ ലഭിക്കാതെ അര്‍ച്ചനയ്ക്ക് മരണം

നീലേശ്വരം: കാഞ്ഞങ്ങാട് മുതല്‍ കോഴിക്കോട് വരെ അഞ്ച് ആശുപത്രികളോളം കയറിറങ്ങിയിട്ടും ചികിത്സ കിട്ടാതെ യുവതി മരിച്ചു. അണലി കടിയേറ്റതിനെ തുടര്‍ന്നാണ് യുവതി ആശുപത്രി കയറിയിറങ്ങിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തെത്തി. കാസര്‍കോട് ഡിസിആര്‍ബിയിലെ എസ്‌ഐ പള്ളിക്കര കുഞ്ഞിപ്പുളിക്കാല്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ലതീഷിന്റെ ഭാര്യ എവി അര്‍ച്ചന(40)യാണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 11-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. പെരളശ്ശേരി സ്വദേശികളായ എവി പവിത്രന്റെയും സ്വര്‍ണവല്ലിയുടെയും മകളാണ് അര്‍ച്ചന. ജൂലായ് 21-ന് വൈകീട്ട് 6.45-ഓടെയാണ് ഇവര്‍ക്ക് വീട്ടുവളപ്പില്‍നിന്ന് അണലി കടിച്ചത്. 20 മിനിറ്റിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂന്നര മണിക്കൂര്‍ വൈകിയാണ് മറുവിഷം നല്‍കിയതെന്ന് അര്‍ച്ചനയുടെ ഭര്‍ത്തൃസഹോദരന്‍ കെ സനീഷ് ആരോപിച്ച് രംഗത്തെത്തിയത്.

വിഷം കൂടുതല്‍ ഏറ്റിട്ടില്ലെന്നു പറഞ്ഞ അധികൃതര്‍ 22-ന് രാത്രി ഏഴോടെയാണ് നില ഗുരുതരമാണെന്നും വൃക്കയെ ബാധിച്ചിട്ടുണ്ടെന്നും ബന്ധുക്കളെ അറിയിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. പരിയാരത്തെത്തിയെങ്കിലും കൊവിഡ് കേസുകള്‍ കാരണം ചികിത്സ ലഭിക്കാന്‍ വൈകിയെന്നും ഇദ്ദേഹം പറഞ്ഞു. കുറച്ചുദിവസം പരിയാരത്ത് തുടര്‍ന്നെങ്കിലും ആശുപത്രിയില്‍ കൊവിഡ് വ്യാപിച്ചതിനാല്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്കു മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

അപ്പോഴേക്കും കാലിലാകെ രക്തം കട്ടപിടിച്ചിരുന്നു. നില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയുടെ ഭാഗമായി കാല്‍മുട്ട് വരെയുള്ള ഭാഗം മുറിച്ച് മാറ്റേണ്ടതായി വന്നു. ശേഷം ഇടുപ്പുവരെ പിന്നീട് മുറിച്ച് മാറ്റുകയും ചെയ്തു. അപ്പോഴേക്കും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അര്‍ച്ചനയുടെ മക്കള്‍: ജിതിന്‍, നിധിന്‍. സഹോദരന്‍: അനൂപ്.

Exit mobile version