ഇന്ത്യന്‍ ഭരണഘടന ധര്‍മ്മശാസ്ത്രമെന്ന ഉത്തമ ബോധ്യമുള്ളവരാണ് മലയാളികള്‍; അതുകൊണ്ട് ആയിരമാണ്ട് തലകുത്തി ശ്രമിച്ചാലും കേരളം പിടിക്കാമെന്ന് മോഡിയും അമിത് ഷായും മോഹിക്കേണ്ട, നടക്കില്ലെന്ന് സ്വാമി അഗ്നിവേശ്

ഭരണഘടനാ സംരക്ഷണത്തിന് തൃശ്ശൂരില്‍ സംഘടിപ്പിച്ച 'ജമാഭിമാന സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍: ആയിരം വര്‍ഷക്കാലും തലകുത്തി നിന്നാല്‍ പോലും കേരളം പിടിക്കാമെന്ന് മോഡിയും അമിത് ഷായും മോഹിക്കേണ്ടതില്ലെന്ന് ഓര്‍മ്മിപ്പിച്ച് പ്രമുഖ ആര്യസമാജ പണ്ഡിതനും ആക്ടിവിസ്റ്റുമായ സ്വാമി അഗ്നിവേശ്. അങ്ങനെ മോഹം ഉണ്ടെങ്കില്‍ നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ സംരക്ഷണത്തിന് തൃശ്ശൂരില്‍ സംഘടിപ്പിച്ച ‘ജമാഭിമാന സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയാണ് തങ്ങളുടെ ധര്‍മ്മശാസ്ത്രമെന്ന ഉത്തമ ബോധ്യമുള്ളവര്‍ താമസിക്കുന്ന ഇടമാണ് കേരളം. അങ്ങനെയുള്ള കേരളം പിടിക്കാന്‍ മോഡിക്കും ഭാഗവതിനും സാധിക്കില്ലെന്നും അഗ്മിവേശ് കൂട്ടിച്ചേര്‍ത്തു.

നാരായണഗുരുവും അയ്യങ്കാളിയും വിത്തിട്ട നവോത്ഥാനം കേരളത്തില്‍ പുതിയൊരു ദിശയിലാണ്. കേരളത്തില്‍ നടക്കുന്ന നവോത്ഥാനത്തിന്റെ പുത്തന്‍ ശ്രമങ്ങള്‍ക്ക് ശബരിമല പ്രശ്നം മാത്രമാവരുത് വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിംഗ സമത്വം എന്നത് വിട്ടുവീഴ്ച സാധ്യമല്ലാത്ത ഒന്നാണ്. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി വിധിച്ചിട്ടും ശബരിമലയില്‍ തങ്ങള്‍ക്ക് പോകേണ്ടെന്ന് പറഞ്ഞ് സ്ത്രീകള്‍ തെരുവിലിറങ്ങിയ നാടാണ് കേരളം. സതി നിരോധിച്ച വേളയിലും സമാനമായ പ്രതിഷേധമാണ് നമ്മള്‍ കണ്ടത്. ഇത് പൗരോഹത്യ മതസമൂഹത്തിന്റെ പ്രശ്നമാണ്. അനീതി തിരിച്ചറിയാനാവാത്ത വിധം അത് അടിമത്തം പേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനം അന്ധവിശ്വാസങ്ങള്‍ക്ക് എതിരാണ്. അന്ധമായതിനെയാണ് ഇപ്പോള്‍ വിശ്വാസമായി അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് കല്‍ബുര്‍ഗിയേയും ഗൗരിലങ്കേഷിനേയും ന്‍സാരെയേയും ധബോല്‍ക്കറേയും അന്ധവിശ്വാസ പ്രചാരകര്‍ കൊലപ്പെടുത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ സര്‍ക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ചാടികളിക്കുന്ന നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി കേരളത്തില്‍ സംഘപരിവര്‍ നിലപാടിനോട് യോജിപ്പു പ്രകടിപ്പിക്കുന്ന രമേശ് ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version