മരണ കാരണം നാണയമല്ല, കൂടുതല്‍ പരിശോധന വേണം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍

ആലപ്പുഴ: നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. നാണയം വിഴുങ്ങുന്നത് മരണകാരണമാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.

കുട്ടി നാണയം വിഴുങ്ങിയെങ്കിലും അത് ശ്വാസ കോശത്തില്‍ തങ്ങിയിട്ടില്ല. നാണയം ആമാശയത്തില്‍ എത്തിയിരുന്നു. സ്വാഭാവികമായി പുറത്തുപോകുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു. ഇതിനാലാണ് തിരിച്ചയച്ചതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആര്‍വി രാംലാല്‍ വിശദീകരിച്ചു.

എക്‌സ്‌റേ വിലയിരുത്തലിന് പുറമെ കൂടുതല്‍ പരിശോധന ആലപ്പുഴയില്‍ നടന്നു. നാണയം ആമാശത്തില്‍ എത്തിയതിനാല്‍ അപകടമില്ലെന്ന് രണ്ട് ഡോക്ടര്‍മാരും നിലപാടെടുത്തു. കുട്ടിയ്ക്ക് ശ്വാസ തടസ്സം ഉണ്ടായിരുന്നില്ല.ഇതിനാലാണ് തിരിച്ചയച്ചതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരിച്ചു.

ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മൂന്ന് വയസുകാരനായ മകന്‍ പ്രിഥ്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

കുഞ്ഞിനെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടര്‍ന്ന് അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയിരുന്നു.

കുഞ്ഞിന് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു അവിടെ നിന്ന് മടക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. എന്നാല്‍ രാത്രിയോടെ കുഞ്ഞിന്റെ നില വഷളായി. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version