ഹാര്‍മോണിയപ്പെട്ടിയും തബലയുമില്ല, താളംപിടിച്ചും ശ്രുതിചേര്‍ത്തും തഴമ്പിച്ച കൈകളില്‍ കൈകോട്ടുമായി കല്‍പ്പണിക്കിറങ്ങി അലി, അതിജീവനത്തിന്റെ പാഠം

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയില്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ കഷ്ടപ്പെടുന്നവരില്‍ നിരവധി കലാകാരന്മാരുമുണ്ട്. പാട്ടുപാടിയും സംഗീത ഉപകരണങ്ങള്‍ വായിച്ചും സ്റ്റേജ് പരിപാടിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ഇവരില്‍ പലരും ഇപ്പോള്‍ ജോലിയില്ലാതെ പട്ടിണിയിലാണ്.

കോവിഡ് വന്നതോടെ പരിപാടികള്‍ക്കെല്ലാം താത്കാലിക തിരശ്ശീല വീണു. എന്നാല്‍ പ്രതിസന്ധികളോടൊന്നും തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഉറക്കെയുറക്കെ പറയുകയാണ് സംഗീതത്തെ ജീവിതമാര്‍ഗമായിക്കണ്ടിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ അലി.

തന്റെ ഹാര്‍മോണിയപ്പെട്ടിയും തബലയുമെല്ലാം വീട്ടില്‍ ഭദ്രമായി വെച്ച് ഉപജീവനത്തിനായി കല്‍പ്പണിയ്ക്കിറങ്ങിയിരിക്കുകയാണ് അലി. എം.എസ്.ബാബുരാജിന്റെ അതിമനോഹരഗാനങ്ങള്‍ പാടി ആസ്വാദകരെ ഹരംകൊള്ളിച്ചിരുന്ന അലി ഇപ്പോള്‍ പാടുന്നത് അതീവനത്തിന്റെ പാട്ടാണ്.

മഹാമാരിക്കും തോല്പ്പിക്കാനാകാത്ത ഇച്ഛാശക്തിയാണ് അലിയെ പാടുന്ന കല്‍പ്പണിക്കാരനാക്കിയത്. സ്റ്റേജ് പരിപാടികളുമായി തിരക്കിട്ട് നടന്നിരുന്ന നിരവധി കലാകാരന്മാരെയാണ് കോവിഡ് പ്രതിസന്ധി തളര്‍ത്തിയത്. എന്നാല്‍ താളംപിടിച്ചും ശ്രുതിചേര്‍ത്തും തഴമ്പിച്ച കൈകളില്‍ അലിയെ പോലെ കൈകോട്ട് പിടിയ്ക്കാന്‍ അവര്‍ക്കറിയില്ല.

പാട്ടുപോലെ തന്നെ വളരെ ആസ്വദിച്ചുകൊണ്ടാണ് അലി കല്‍പ്പണിയും ചെയ്യുന്നത്. ദിവസവും കിട്ടുന്ന കൂലിയില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. കൂടാതെ ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെ സഹായിക്കാനായി വരുമാനത്തിലെ ചെറിയൊരു ഭാഗം മാറ്റി വയ്ക്കാനും അലി മറക്കാറില്ല.

Exit mobile version