അതിശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിലിനും സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 29ന് തിരുവനന്തപുരം ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമെ, താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരും നദീതീരങ്ങളില്‍ ഉള്ളവരും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതിശക്തമായ മഴ മുന്നറിയിപ്പുണ്ടായ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും അവരോട് സഹകരിക്കുകയും വേണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കുവാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുവാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

Exit mobile version