ടെലസ്‌കോപ്പല്ല, ഇത് ആകാശം കാണുന്ന ‘മൈസ്‌ക്രോകോപ്പ്’, ഇതിലൂടെ നോക്കുമ്പോഴുണ്ടല്ലോ വാഴയിലയും സ്‌പെയ്‌സ് ഷിപ്പും വരെ കാണാം; കുട്ടിക്കുറുമ്പന്മാര്‍ തന്നെ വീണ്ടും സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍

`കൊച്ചി: കുട്ടിക്കുറുമ്പന്മാരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. നിഷ്‌കളങ്കത തുറന്നുകാട്ടിയ ഫായിസിന്റെ വീഡിയോയ്ക്ക് പിന്നാലെ രണ്ട് വളര്‍ന്നുവരുന്ന കുട്ടി ശാസ്ത്രജഞരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ആകാശം അടുത്തുകാണാന്‍ സ്വന്തമായി നിര്‍മ്മിച്ച ഉപകരണം പരിചയപ്പെടുത്തുകയാണ് ഈ കുട്ടിക്കുറുമ്പന്മാര്‍.

വാനനിരീക്ഷണത്തിന് പൊതുവേ ഉപയോഗിക്കുന്നത് ടെലസ്‌കോപ്പാണെങ്കിലും ഇവര്‍ക്കിത് മൈക്രോസ്‌കോപ്പാണ്. ഇവരുടെ തന്നെ ഭാഷയില്‍ പറയുകയാണെങ്കില്‍ ‘മൈസ്‌ക്രോകോപ്പ്’. ഇത് ഉണ്ടാക്കിയിരിക്കുന്നത് ആകട്ടെ ഒട്ടും മുടക്കുമുതല്‍ വേണ്ടാത്ത പപ്പായയുടെ തടികൊണ്ട്.

ഒടിഞ്ഞു കിടന്ന പപ്പായയുടെ തടിക്കഷണങ്ങള്‍ ടെലസ്‌കോപ്പിന്റെ മാതൃകയില്‍ സെറ്റ് ചെയ്ത് കളിക്കുന്ന കുട്ടികളുടേതാണ് ഈ വൈറല്‍ വീഡിയോ. ഈ ഹോംമെയ്ഡ് ടെലസ്‌കോപ്പിന്റെ പ്രവര്‍ത്തനത്തെ പറ്റി കൂട്ടത്തിലെ വിദഗ്ധന്‍ വിശദമായി പറഞ്ഞു തരുന്നതും വീഡിയോയില്‍ കാണാം.

നമ്മുടെ ‘മൈസ്‌ക്രോകോപ്പി’ലൂടെ നോക്കിയാല്‍ വാഴയില ഒക്കെ കാണാന്‍ പറ്റുമത്രേ. ഭൂമിയുടെ അറ്റം വരെ പോവും, സ്‌പെയ്‌സ്ഷിപ്പ് ഒക്കെ കാണാം. ഇനി ഇത്രയൊക്കെ പറഞ്ഞിട്ട് കേള്‍ക്കുന്നവര്‍ക്ക് വിശ്വാസമായില്ലെങ്കിലോ എന്ന് കരുതി ഒരു പടികൂടി കടന്നാണ് കുട്ടിയുടെ പിന്നെയുള്ള വിശദീകരണം.

മൈക്രോസ്‌കോപ്പിലൂടെ നോക്കിയപ്പോള്‍ വേറെ എന്തോ ഒരു സാധനം കണ്ടുവെന്നും എന്നാല്‍ അത് എന്താണെന്ന് ശരിക്കും മനസ്സിലായില്ല എന്നുമാണ് വിരുതന്‍ പറയുന്നത്. എന്തായാലും ഈ ടെലിസ്‌കോപ്പ് നിര്‍മ്മാതാക്കളുടെ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഇവര്‍ വളര്‍ന്നുവരുന്ന ശാസ്ത്രജ്ഞന്മാര്‍ ആണെന്നും ഇനിയും വീട്ടില്‍ ഇരുന്നു ബോറടി കൂടിയാല്‍ ഇവന്മാര്‍ സ്‌പെയ്‌സ്ഷിപ്പ് വരെ ഉണ്ടാക്കിക്കളയും എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. കുട്ടികളെ പ്രശംസിച്ച് എത്തിയവര്‍ നിരവധിയാണ്.

Exit mobile version