ഒരിക്കലും അമ്മ ചോറ് പൊതി മുടക്കില്ല, ചില ദിവസങ്ങളില്‍ എനിക്കാ പൊതി തുറക്കുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നു, ഇങ്ങനെ സല്‍ക്കരിക്കല്ലേ എന്ന് ഒരുദിവസം അമ്മയോട് പറഞ്ഞു, അമ്മ ഒന്നും പറഞ്ഞില്ല, കണ്ണുകള്‍ നിറഞ്ഞിരുന്നു; ഹൃദയം തൊടുന്ന കുറിപ്പ്

കൊച്ചി: വാട്ടിയെടുത്ത വാഴയിലയില്‍ ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ തന്നുവിടുമ്പോള്‍ അതിനൊപ്പം അമ്മമാര്‍ അവരുടെ സനേഹവും വാത്സല്യവും കൂടെയായിരുന്നു കരുതിയിരുന്നത്. പൊതിച്ചോറ് കഴിക്കുന്ന കാലത്ത് ആ കരുതല്‍ മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും അത് കിട്ടാതിരിന്ന കാലത്ത് ഒരുപക്ഷേ നാം അത് തിരിച്ചറിഞ്ഞറിഞ്ഞു കാണും.

അമ്മയുടെ സ്‌നേഹവും കരുതലും നിറച്ച പൊതിച്ചോറിനെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും തുറന്നു പറയുകയാണ് ക്യാപ്റ്റന്‍ എന്ന മലയാള സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

”വീട്ടിലാകുമ്പോള്‍ മിക്കവാറും ഭക്ഷണം കഴിക്കാനിരുന്നാല്‍ അമ്മ കൂടെ വന്നിരിക്കും. കഴിക്കുന്നത് നോക്കി വിളമ്പിയ കറികള്‍ക്ക് മുകളില്‍ പിന്നേയും പിന്നേയും വിളമ്പി അങ്ങനെ ഇരിക്കും. അമ്മയുണ്ടാക്കുന്ന എല്ലാ കറികളും എന്തൊര് ഇഷ്ടത്തോടെയാണ് ഞങ്ങള്‍ കഴിക്കാറ്. അതമ്മക്കും അറിയാം. അതുകൊണ്ടാകാം കഴിക്കുന്നതിനിടയില്‍ പിന്നെയും കറിയും ചോറും പാത്രത്തിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നത്.

കുറേ കാലം മുന്‍പ് ഒരു ദിവസം ഏതോ ഒരു മോശം മൂഡില്‍ ഞാനമ്മയോട് ചൂടായി….എനിക്കാവശ്യമുള്ളത് എടുത്ത് കഴിച്ചോളാം… ഇങ്ങനെ സല്‍ക്കരിക്കല്‌ളേ എന്ന്… അമ്മ ഒന്നും പറഞ്ഞില്ല. അടുക്കളയിലേക്ക് പോയി. തിരിച്ചുവരും വഴി അമ്മയുടെ കാല്‍ ഡൈനിങ്ങ് ടേബിളില്‍ മുട്ടി. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ അവരാ മേശക്കാല്‍ ഒരു നിമിഷം കണ്ടില്ല. അമ്മ സ്‌നേഹത്തില്‍ വിളമ്പിയത് മനസിന്റെ ഉള്ളില്‍ നിന്നായതുകൊണ്ട് ഞാനത് കാണാതെ പോയി.

അന്നാ ടേബിളില്‍ ഇരുന്ന് കഴിച്ചുതീര്‍ത്തതാണ് ജീവിതത്തിലെ ഏറ്റവും രുചിയുള്ള അവസാനത്തെ ഭക്ഷണം. പിന്നെ ഒരിക്കലും കുറ്റബോധം കാരണം എനിക്കാ രുചി വീണ്ടെടുക്കാനായിട്ടില്ല.” അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

Exit mobile version