കീം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപികയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും 40 വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍

പാലക്കാട്: കീം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപികയ്ക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

അധ്യാപികയുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടിലായിരുന്ന മകളെ തിരികെ കൊണ്ടുവരാന്‍ നേരത്തെ അധ്യാപിക പോയിരുന്നു. ഇവിടെ നിന്നാകാം ഇവര്‍ക്ക് വൈറസ് ബാധ ഉണ്ടായതെന്നാണ് നിഗമനം.

അധ്യാപികയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. നേരത്തേ തിരുവനന്തപുരത്തും കോഴിക്കോടുമായി കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു കീം പരീക്ഷാര്‍ത്ഥിയുടെ രക്ഷിതാവിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version