കൊവിഡ് പ്രതിരോധം: ജോലിയില്‍ പ്രവേശിച്ച 180 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സെടുത്ത് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ക്ലാസെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ക്ലാസ്സ് എടുത്തത്. 2018 ബാച്ചിലെ ഐഎഎസ് ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്താണ് ക്ലാസെടുത്തുതെന്ന് മന്ത്രി അറിയിച്ചു.

ഐഎഎസ് ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐഎഎസ് ഓഫീസര്‍മാരാണ് ക്ലാസില്‍ പങ്കെടുത്തത്. ‘കൊവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഫാക്കല്‍റ്റികളുമായും സംസാരിച്ചു. ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്.

ആറു മാസത്തിലേറെയായി കേരളം കൊറോണ വൈറസിനെതിരായ തുടര്‍ച്ചയായ പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളം. കൊവിഡിന്റെ പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നതെന്നും ക്ലാസ്സില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള വളരെ അപൂര്‍വ്വം മന്ത്രിമാര്‍ക്കാണ് ഇങ്ങനെ ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്.

Exit mobile version