കോവിഡ് പ്രതിരോധം മാരത്തണാണ്! 100, 200 മീറ്റര്‍ പോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല; ബിബിസി ലേഖനത്തെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മാരത്തണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിബിസിയില്‍ വന്ന ലേഖനത്തിനേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിആര്‍ വര്‍ക്കുകൊണ്ടാണ് ബിബിസി ആദ്യം കേരളത്തിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്. അത് മറന്നുപോകാന്‍ പാടില്ല. ഇപ്പോള്‍ കേരളത്തിനെന്തോ തിരിച്ചടി നേരിട്ടു എന്ന തരത്തിലാണ് അത്തരം ആളുകള്‍ ഈ വാര്‍ത്തകളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വാര്‍ത്തയിലെ പ്രസക്ത ഭാഗം പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്
പൊതുവില്‍ കേരളം നന്നായി കോവിഡിനെ കൈകാര്യം ചെയ്തുവെന്നാണ് പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തില്‍. നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേത്. രോഗികളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ആശുപത്രികള്‍ വീര്‍പ്പുമുട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ പൊതുസമൂഹത്തിന്റെയും ജനത്തിന്റെയും ക്ഷമയും സഹന ശക്തിയും പരീക്ഷിക്കപ്പെടുന്നു. ഈ ബോധം ഓരോരുത്തര്‍ക്കും ഉണ്ട്. എങ്കിലേ അവസാനം വരെ ഓടിത്തീര്‍ക്കാനാവൂ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Exit mobile version