പാര്‍ക്കിംഗ് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍, തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

തീരൂര്‍: തീരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ പാര്‍ക്കിംഗ് നിയന്ത്രിക്കുന്നവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് പാര്‍ക്കിംഗ് വിഭാഗത്തിലെ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് തീരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു. മാര്‍ക്കറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം മലപ്പുറം ജില്ലയില്‍ അമ്പത് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏഴ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. മാര്‍ക്കറ്റിലെത്തിയ കൊയിലാണ്ടി സ്വദേശിയായ മത്സ്യ വില്പനക്കാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചിരുന്നു. മാര്‍ക്കറ്റിലെ മുഴുവന്‍ തൊഴിലാളികളെയും കൊവിഡ് പരിശോധയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

കെഎസ്ആര്‍ടിസി സൂപ്പര്‍വൈസര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച ഡിപ്പോ ബുധനാഴ്ച തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്നൂറിലധികം പേര്‍ ജോലി ചെയ്യുന്ന ഡിപ്പോയില്‍ 40 പേരെ ഇതിനോടകം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരുടെ ഫലം നെഗറ്റീവാണ്.

Exit mobile version