ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാര്‍ക്കും, റിസര്‍വ് ബറ്റാലിയനിലെ അഞ്ചു പോലീസുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 20 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഏഴു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. ക്ഷേത്ര ഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു.

നാളെ 30 ഗാര്‍ഡുമാരെക്കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ പറഞ്ഞു. ലോക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ജില്ലയിലെ 4 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്ത് രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. ജില്ലയിലെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്.

Exit mobile version