‘ഇല്ലാത്ത വാര്‍ത്ത പുഴുങ്ങിയെടുത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്, മനുഷ്യന്റെ ജീവന് കാവല്‍ നില്‍ക്കുന്നവരുടെ മുഖത്ത് ഛര്‍ദ്ദില്‍ വീഴ്ത്തിയല്ല ശമ്പളം വാങ്ങേണ്ടത്; മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് ഡോ.ഷിംന അസീസ്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും ദുരിത പൂര്‍ണ്ണമായ അവസ്ഥയിലാണെന്നുമുള്ള മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയ്ക്ക് എതിരെ നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ ഡോക്ടര്‍ ഷിംന അസീസും മനോരമ ന്യൂസിന്റെ വ്യാജ വാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിംന അസീസ് വിമര്‍ശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

കളമശ്ശേരി മെഡിക്കല്‍ കോളേജിലേതാണെന്ന് പറഞ്ഞ് മനോരമ ന്യൂസ് ഇന്നലെ കൊടുത്ത ദൃശ്യങ്ങള്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേതാണ് എന്ന് ചാനല്‍ തിരുത്തി. ദൃശ്യങ്ങള്‍ക്കിടയില്‍ കാണിച്ച ബോര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതും. നിര്‍വ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്. ബലേ ഭേഷ്

കൂടെ ആ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കുറ്റങ്ങള്‍-

– ആവശ്യത്തിന് ഒഴിവുണ്ടായിട്ടും ഒരേ വാര്‍ഡില്‍ ആണും പെണ്ണും പരസ്പരം മറയില്ലാതെ കഴിയുന്നു.
– മാനസികരോഗമുള്ള രോഗിയെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്നു.
– പ്രായമായ രോഗിക്ക് ഭക്ഷണം കൊടുക്കാതെ മൂക്കിലൂടെ പൈപ്പിട്ട് ഡ്രിപ്പിട്ടിരിക്കുന്നു.
– പൂര്‍ണമായും കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കട്ടിലുകള്‍ തമ്മില്‍ അകലമില്ല.

അല്ല മനോരമ ന്യൂസേ, ചേറ് പുരണ്ടത് വലതുകാലില്‍ അല്ല ഇടതുകാലിലാണ് എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങള്‍ക്കെങ്കില്‍ അന്വേഷണാത്മകമായ ഒരു സ്റ്റോറി ആയിട്ടാണ് നിങ്ങളിത് ചെയ്തിട്ടുണ്ടാവുക . ഇത് ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങളുടെ ഉത്തരവാദിത്വം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയില്‍ ആണ് പ്രവേശിപ്പിക്കുക എന്ന് ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങള്‍? എവിടുത്തെ ദൃശ്യങ്ങളാണ് ഇവയെന്ന് നിങ്ങള്‍ തന്നെ തുറന്ന് പറയണം.

ഗുരുതരാവസ്ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ് ആശുപത്രിയില്‍ വാര്‍ഡില്‍ കിടത്തുമെന്നോ? കോവിഡ് രോഗികള്‍ മാത്രമുള്ള ആശുപത്രിയാണ് കളമശ്ശേരി എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ് ആശുപത്രിയില്‍ എങ്ങനെയാണ് ചികിത്സിക്കുന്നത്, എത്ര കരുതലോടെയാണ് ഞങ്ങളവരെ പരിചരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് വല്ല ഊഹവുമുണ്ടോ? കളമശ്ശേരി കോളേജിന്റെ പ്രവര്‍ത്തനം എത്ര പ്രശംസ നേടിയതാണെന്ന് അറിയാത്തത്രയും നിഷ്‌കളങ്കരാണ് നിങ്ങളെന്നും കരുതുന്നില്ല.

രാപ്പകല്‍ അധ്വാനിക്കുന്ന ഞങ്ങളെപ്പോലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്ത് വിലയാണ് ഹേ നിങ്ങള്‍ കല്‍പ്പിക്കുന്നത്? ‘മൂക്കിലൂടെ പൈപ്പിടുന്നവര്‍ സീരിയസാണ്’ എന്ന നിങ്ങള്‍ കണ്ടെത്തിയ തത്വം ജനങ്ങളുടെ പൊതുബോധത്തെ മുതലെടുക്കുന്നതാണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. അത്ര മേല്‍ സാധാരണമാണ് റയല്‍സ് ട്യൂബ് ഇടുകയെന്നത്.

ഇനി കട്ടിലുകള്‍ തമ്മില്‍ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- ഇത് നിങ്ങള്‍ ചോദിക്കേണ്ടതും അന്വേഷണിക്കേണ്ടതും ആ വിഷ്വല്‍ വന്ന ആശുപത്രിയിലാണ്. അതെവിടുന്ന് കിട്ടിയെന്നത് നിങ്ങള്‍ക്കല്ലേ അറിയൂ ! ഏതായാലും നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശ്ശേരിയും തിരുവനന്തപുരവും ബോര്‍ഡില്‍ കാണിച്ച കോഴിക്കോടും അല്ലെന്നതില്‍ സംശയമില്ല. മഞ്ചേരി കോവിഡ് ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ് നിങ്ങള്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചത്. ഞങ്ങള്‍ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച് കോവിഡ് വൈറസുകള്‍ക്കിടയില്‍ ഇറങ്ങി നടക്കുന്നതിനെയാണ് നിങ്ങള്‍ അതിക്രൂരമായി അവഹേളിച്ചത്.

ഇല്ലാത്ത വാര്‍ത്ത പുഴുങ്ങിയെടുത്ത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. മനുഷ്യന്റെ ജീവന് കാവല്‍ നില്‍ക്കുന്നവരുടെ മുഖത്ത് ഛര്‍ദ്ദില്‍ വീഴ്ത്തിയല്ല ശമ്പളം വാങ്ങേണ്ടത്.
എന്നിട്ടൊരു കോപ്പിലെ മാപ്പും

Dr. Shimna Azeez

Exit mobile version