ഇത് കേരളമാണ്, ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്; വിരട്ടല്‍ ഇവിടെ വേണ്ട

കൊച്ചി: ബിജെപി നേതാക്കളായ കെ സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി മുരളീധരനെയും വിമര്‍ശിച്ച് വൈദ്യുത മന്ത്രി എംഎം മണി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് ബിജെപി നേതാക്കളുടെ സംസാരം എന്ന് മന്ത്രി ആരോപിച്ചു.

ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തില്‍ 2000-ല്‍ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, യു.പി. യില്‍ യോഗി സര്‍ക്കാര്‍ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും ഒക്കെ ഊര്‍ജ്ജത്തില്‍ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ ധൈര്യം ലഭിക്കുന്നത്. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കളെയും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കന്മാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും എംഎം മണി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

ബിജെപിയുടെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി മുരളീധരനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ ഒരുതരം വിരട്ടല്‍ സ്വരത്തിലാണ് സംസാരം. യുഡിഎഫ് നേതാക്കന്മാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ആസ്വദിച്ച് ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപിക്ക് ഈ അഹങ്കാരം തോന്നുന്നത് എന്തിനും അവരുടെ കേന്ദ്ര സര്‍ക്കാര്‍ കൂടെ ഉണ്ടാകും എന്ന തോന്നലിലാണ്. ഗുജറാത്തില്‍ 2000-ല്‍ അധികം ആളുകളെ കശാപ്പ് ചെയ്തതിന്റെയും, യു.പി. യില്‍ യോഗി സര്‍ക്കാര്‍ നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊന്നു കൊണ്ടിരിക്കുന്നതിന്റെയും, ജമ്മു കാശ്മീരില്‍ ജനങ്ങളെയാകെ പീഢിപ്പിക്കുന്നതിന്റെയും ഒക്കെ ഊര്‍ജ്ജത്തില്‍ നിന്നാകും ബിജെപിക്ക് ഇങ്ങനെ ഭീഷണിപ്പെടുത്താന്‍ ധൈര്യം ലഭിക്കുന്നത്. എന്നാല്‍, അവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും. ഇത് കേരളമാണ്. ഇവിടെ ഭരിക്കുന്നവര്‍ ഏത് മര്‍ദ്ദനമുറകളെയും നേരിടാന്‍ കരുത്തുള്ള ജനനേതാക്കന്മാരാണ്

Exit mobile version