മുസല്യാരുടെ പ്രസംഗം കേട്ട് മനംമാറി; 36 വര്‍ഷം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണമാലയുടെ വില വീട്ടമ്മയ്ക്ക് നല്‍കി മോഷ്ടാവ്, പട്ടിണി കാരണം മോഷ്ടിച്ചതാണെന്നും പൊറുക്കണമെന്നും അപേക്ഷ, സംഭവം കോഴിക്കോട്

കോഴിക്കോട്: 36 വര്‍ഷം മുന്‍പ് മോഷ്ടിച്ച സ്വര്‍ണ്ണമാലയുടെ വില വീട്ടമ്മയ്ക്ക് നല്‍കി പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് മോഷ്ടാവ്. കോഴിക്കോട് മുക്കത്താണ് സംഭവം. വര്‍ഷങ്ങള്‍ക്കിപ്പോഴുള്ള ഈ മനംമാറ്റത്തിന് കാരണം മറ്റൊന്നുമല്ല, മുസല്യാരുടെ പ്രസംഗമാണ്. ആ വാക്കുകളില്‍ മനംമാറിയാണ് മോഷ്ടാവ് സ്വര്‍ണ്ണമാലയുടെ വില നല്‍കാന്‍ തീരുമാനിച്ചത്.

കൊടിയത്തൂര്‍ മഹല്ലിലെ മാട്ടുമുറിക്കല്‍ ഇയ്യാത്തുവിനാണ് മൂന്നര പതിറ്റാണ്ടു മുന്‍പു മോഷണം പോയ രണ്ടു പവന്‍ സ്വര്‍ണ്ണ മാലയുടെ വില തിരിച്ചു കിട്ടിയത്. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ചു മഹല്ലു ഖാസി എംഎ അബ്ദുസ്സലാം നടത്തിയ ഖുത്തുബയാണ് (ഉദ്ബോധനപ്രസംഗം) മോഷ്ടാവിന്റെ മനസ് മാറ്റാന്‍ ഇടയായത്. പ്രായശ്ചിത്തവും തെറ്റും തിരുത്തലും എന്ന വിഷയത്തിലായിരുന്നു മുസല്യാരുടെ പ്രസംഗം. ഇത് കേട്ടതിന് പിന്നാലെ കുറ്റബോധം തോന്നിയ ഇദ്ദേഹം 35 വര്‍ഷം മുന്‍പ് താന്‍ നടത്തിയ മോഷണം സുഹൃത്തിനോട് പറഞ്ഞു.

പിന്നാലെ ഖാസിയുമായും ഇക്കാര്യം പങ്കുവെച്ചു. തുടര്‍ന്ന് ഖാസിയുടെ നിര്‍ദേശപ്രകാരം സുഹൃത്തു മുഖേന മാലയുടെ വില ഇയ്യാത്തുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു ഇയാള്‍. പട്ടിണിക്കാലത്തു നിവൃത്തികേടു കൊണ്ടാണ് മോഷ്ടിക്കേണ്ടി വന്നതെന്നും തെറ്റ് പൊറുക്കണമെന്നും ഇയാള്‍ അപേക്ഷിക്കുന്നുണ്ട്. 35 വര്‍ഷം മുന്‍പ് മോഷണം പോയ മാലയുടെ തുക വീട്ടിലെത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇയ്യാത്തുവിന് അമ്പരപ്പായിരുന്നു. കഥകള്‍ അറിഞ്ഞപ്പോള്‍ ഇയ്യാത്തുവിനും സന്തോഷം. തെറ്റ് തിരുത്താന്‍ തോന്നിയ ആ മനസിനെ അംഗീകരിക്കുന്നെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമാണ് ഇയ്യാത്തു പ്രതികരിച്ചു.

Exit mobile version