പരീക്ഷ കഴിഞ്ഞ് മടങ്ങവെ കാറപകടം, ഒടുവില്‍ ബാക്കിയുള്ള പരീക്ഷ എഴുതിയത് ആംബുലന്‍സില്‍ നിന്ന്, എഴുതിയ വിഷയങ്ങളിലെല്ലാം മികച്ച മാര്‍ക്ക് നേടി നാല് വിദ്യാര്‍ത്ഥിനികള്‍

പൂച്ചാക്കല്‍: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് എഴുതിയ പ്ലസ് ടു പരീക്ഷകള്‍ക്കെല്ലാം മികച്ച വിജയം. കെ.എസ്.ചന്ദന, അനഘ ചന്ദ്രന്‍, സാഘി സാബു, പി.എ.അര്‍ച്ചന എന്നിവരാണ് എല്ലാ വിഷയങ്ങളിലും മികച്ച മാര്‍ക്കോടെ വിജയിച്ചത്.

പാണാവള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകള്‍ കെ.എസ്.ചന്ദന, 15ാം വാര്‍ഡ് ഇരുവംകുളം ചന്ദ്രന്റെ മകള്‍ അനഘ ചന്ദ്രന്‍,13ാംവാര്‍ഡ് അയ്യങ്കേരി സാബുവിന്റെ മകള്‍ സാഘി സാബു, പൂച്ചാക്കല്‍ സ്വകാര്യ ട്യുഷന്‍ സെന്ററില്‍ പ്ലസ്ടുവിനു പഠിക്കുന്ന തൈക്കാട്ടുശേരി രണ്ടാംവാര്‍ഡ് മുരുക്കുംതറ അനിരുദ്ധന്റെ മകള്‍ പി.എ.അര്‍ച്ചന എന്നിവരെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പ്ലസ്ടു ആദ്യപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൂച്ചാക്കല്‍പള്ളിവെളി റോഡില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തുടര്‍ന്നുള്ള മൂന്ന് പരീക്ഷകള്‍ എഴുതാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

എന്നാല്‍ ലോക് ഡൗണ്‍ കാരണം മാറ്റിവച്ച രണ്ടു പരീക്ഷകള്‍ മേയ് അവസാനം നടത്തിയിരുന്നു. ചികിത്സയിലിരിക്കെ നാലു വിദ്യാര്‍ഥിനികളും സ്‌കൂളിലെത്തി ഈ പരീക്ഷകള്‍ എഴുതിയിരുന്നു. കെ.എസ്.ചന്ദന ആംബുലന്‍സിലിരുന്നാണ് പരീക്ഷയെഴുതിയത്.

എഴുതിയ മൂന്നു പരീക്ഷകളില്‍ സാഘി സാബു 85 ശതമാനവും അനഘ ചന്ദ്രന്‍ 74 ശതമാനവും കെ.എസ്.ചന്ദന 69 ശതമാനവും പി.എ.അര്‍ച്ചന 66 ശതമാനവും മാര്‍ക്ക് നേടിയിട്ടുണ്ട്. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് നാല് പേരും.

Exit mobile version