പൂന്തുറ പൂര്‍ണമായും അടച്ചുപൂട്ടി: പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ്, ക്വാറന്റൈനിലാക്കും

തിരുവനന്തപുരം: കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിനെ തുടര്‍ന്ന് പൂന്തുറ മേഖല പൊലീസ് അടച്ചുപൂട്ടി. തിരുവല്ലം പാലം മുതല്‍ വലിയതുറ വരെ ഇപ്പോള്‍ കമാന്‍ഡോ ഉള്‍പ്പടെയുള്ള പൊലീസ് സേനയുടെ നിയന്ത്രണത്തിലാണ്. പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.

ഇവിടങ്ങളില്‍ നിന്നും ആരും പുറത്തിറങ്ങാന്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടികൂടി കേസെടുത്ത് ദൂരെ സ്ഥലങ്ങളിലെ ക്വാറന്റൈന്‍ സെന്ററുകളിലാക്കുമെന്നാണ് മുന്നറിയിപ്പ്.

കടലില്‍ മത്സ്യബന്ധനവും ഉണ്ടാകില്ല. മറ്റ് ജില്ലകളില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ ബോട്ടുകളെത്തിയാല്‍ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് പിടികൂടും.

സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ പൂന്തുറയില്‍ എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പൂന്തുറ ഭാഗത്തേക്ക് പുറത്ത് നിന്നുള്ള ആരെയും കടത്തിവിടില്ല. പൂന്തുറ പള്ളി വികാരി ഫാ. ബെബിന്‍സണ്‍, ബീമാപള്ളി ജമാഅത്ത് ഭാരവാഹി അന്‍വര്‍ സാദത്ത്, കുമരിച്ചന്ത പുത്തന്‍പള്ളി ഭാരവാഹി താജുദീന്‍, പൂന്തുറ പാരിഷ് സെക്രട്ടറി സിംസണ്‍ സേവിയര്‍ തുടങ്ങിയവരുമായി സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചു കമ്മിഷണര്‍ ചര്‍ച്ച നടത്തി.

പൂന്തുറ പ്രദേശത്തേക്ക് കടന്നു വരുന്ന എല്ലാ വഴികളും പൊലീസ് പൂര്‍ണമായും അടച്ചു. നിലവില്‍ അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങള്‍ക്കു പുറമേ പൂന്തുറ ഭാഗത്ത് 16 വഴികള്‍ കൂടിയാണ് അടച്ചത്. പെരുനെല്ലി, തരംഗിണി നഗര്‍, മൂന്നാറ്റും മുക്ക് റോഡ്, മസാലതെരുവ് റോഡ്, ഇടയാര്‍, എസ്. എം. ലോക്ക്, പരുത്തികുഴി, ബീമാപള്ളി ഈസ്റ്റ്, ബദരിയാ നഗര്‍ റോഡ്, തിരുവല്ലം ഫുട്ട് ബ്രിഡ്ജിനു സമീപത്തെ റോഡ്, ബൈപാസ് സര്‍വീസ് റോഡിലേക്കുള്ള 6 ബൈറോഡുകള്‍ എന്നീ റോഡുകളാണ് അടച്ചത്. കൂടാതെ ബീമാപള്ളി ഭാഗത്ത് ബീമാപള്ളി പൂന്തുറ റോഡ്, ചെറിയതുറ, പള്ളി തെരുവ്, കുരിശടി ജംഗ്ഷന്‍ എന്നീ റോഡുകളും അടച്ചു.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറത്തു പോകുന്നതിന്, പൂന്തുറ ഭാഗത്ത് നിന്നും കുമരിച്ചന്ത വഴിയും ബീമാപള്ളിയില്‍ നിന്നും വലിയതുറ വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പോലീസ് വാഹനവും, ആംബുലന്‍സും സദാ സമയവും ഈ പ്രദേശങ്ങളില്‍ റോന്തു ചുറ്റുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

Exit mobile version