‘അല്‍പമൊന്ന് പാളിയാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകരും, ജോലിയും പോകും’; എന്നിട്ടും രാമമൂര്‍ത്തി ആ റിസ്‌ക് എടുത്തു

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിന് പുറകേയാണ് ഇപ്പോള്‍ കേരളം മുഴുവന്‍. കോടികളുടെ തട്ടിപ്പാണ് മറ നീക്കി പുറത്ത് വരുന്നത്. വിഷയം ചൂടുള്ള ചര്‍ച്ചയാകുമ്പോളും സ്വര്‍ണ്ണ കടത്ത് പുറംലോകത്തെ അറിയിച്ച ധീരനായ ഉദ്യോഗസ്ഥന്‍ താരപരിവേഷമില്ലാതെ തിരശീലയ്ക്ക് അപ്പുറം നില്‍ക്കുകയാണ്.

എയര്‍ കസ്റ്റംസ് കാര്‍ഗോ വിഭാഗം തലവന്‍ രാമമൂര്‍ത്തിയാണ് കേരളം കണ്ട വലിയ തട്ടിപ്പ് പുറം ലോകത്ത് എത്തിച്ചത്. തനിക്ക് വിവരം തന്ന ഇന്‍ഫോമറെ വിശ്വസിച്ച് നടത്തിയ പരിശോധനയിലാണ് കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ സ്വപ്നാ സുരേഷിനേയും സരിത്തിനേയും കുടുക്കിയത്. കഴിഞ്ഞ മാസം 10 ാം തീയതി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നയതന്ത്രബാഗേജില്‍ സ്വര്‍ണ്ണമുണ്ടെന്ന ഒരു ഇന്‍ഫോര്‍മറുടെ വിവരം വിശ്വസിച്ചായിരുന്നു നീക്കങ്ങള്‍.

ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികള്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചത്. രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റ്‌സുകളാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിഭാഗത്തില്‍ വരുന്നത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താന്‍.

എന്തെങ്കിലും തരത്തില്‍ പാളിച്ച ഉണ്ടായാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകരും. അതോടൊപ്പം രാമമൂര്‍ത്തിയുടെ ജോലിയേയും ബാധിക്കും. എന്നിട്ടും ഇന്‍ഫോമറെ വിശ്വസിച്ച് രാമമൂര്‍ത്തി മുന്നോട്ട് പോയി. കമ്മീഷണര്‍ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലയം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ശനിയാഴ്ച രാത്രി അനുമതി നല്‍കി ഇമെയില്‍ സന്ദേശം അയച്ചു. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചു.

തുടര്‍ന്ന് പിടിച്ചുവച്ച പെട്ടി, ഞായറാഴ്ച പൊട്ടിച്ചപ്പോഴാണ് 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം ബാഗില്‍ കണ്ടെത്തിയത്. ബാഗേജിലെ എയര്‍ കംപ്രസര്‍, ഡോര്‍ലോക്കുകള്‍, ഇരുമ്പ് ടാപ്പുകള്‍ എന്നിവയ്ക്കുള്ളില്‍ സ്വര്‍ണം കുത്തിനിറച്ചിരുന്നു. പെട്ടിയില്‍ കണ്ടെത്തിയ പൈപ്പ്, ഡോര്‍ലോക്ക്, എയര്‍ കംപ്രസര്‍ എന്നിവയില്‍ സിലിന്‍ഡര്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

നേരത്തെയും ഇത്തരം കള്ള കടത്തുകള്‍ പിടിച്ചിട്ടുള്ള വ്യക്തിയാണ് രാമമൂര്‍ത്തി. സ്വര്‍ണ്ണക്കടത്ത്, മയക്കു മരുന്ന് കടത്ത് ഇവയെല്ലാം പിടികൂടിയിട്ടുണ്ട്. റവന്യൂ ഇന്റലിജന്‍സിലും രാമമൂര്‍ത്തി ജോലി ചെയ്തിട്ടുണ്ട്. ഡിആര്‍ഐയില്‍ ഇരിക്കെ ഉന്നത ബന്ധമുള്ള പല സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കി.

Exit mobile version