പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവ തുറക്കാം, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനരാരംഭിക്കും; തിരുവനന്തപുരത്ത് ലോക് ഡൗണില്‍ ഇളവ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ത്രിപ്പിള്‍ ലോക് ഡൗണില്‍ ഇളവ്. പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. രാവിലെ 7 മുതല്‍ 11 വരെയാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അടുത്തുള്ള കടയില്‍ നേരിട്ടുപോയി വാങ്ങാന്‍ അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനരാരംഭിക്കും. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഒരാഴ്ച കാലത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. പ്രധാന റോഡുകള്‍ എല്ലാം അടയ്ക്കാന്‍ ഇന്നലെ തീരുമാനമായിരുന്നു. തിരുവനന്തപുരത്ത് 27 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.

Exit mobile version