തിരുവനന്തപുരം: പരിശോധനകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിദേശത്ത് നിന്നെത്തിയ ഹൈ റിസ്‌ക് ഉള്ളവരെയെല്ലാം പരിശോധിക്കുന്നുണ്ട്. നിലിവില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരെല്ലാം നിരീക്ഷണത്തിലുള്ളവരാണ്. ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. അവസാന വാക്ക് പറയാനായിട്ടില്ലെന്നും മന്ത്രി പറയുന്നു.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;
വൈറസിന്റെ സ്വഭാവം എങ്ങനെയാണെന്ന് ലോകം മനസ്സിലാക്കി വരികയാണ്. അതുകൊണ്ട് പോരാട്ടം അവസാനിപ്പിക്കാന്‍ ആയിട്ടില്ല. കുറേ ദിവസം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വുഹാനിലെ വൈറസ് ബാധയെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തന്നെ കേരളം സുരക്ഷാ നടപടികള്‍ ആരംഭിച്ചിരുന്നു.
സംസ്ഥാനത്ത് പുറത്തുള്ള മലയാളി നഴ്സുമാരും രാജ്യത്തിന് പുറത്തുള്ള മലയാളി നഴ്സുമാരും വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്. നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. ലോകനിയമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിനാല്‍ നിലവില്‍ ഉള്ളയിടത്ത് തന്നെതുടരണം. ആവശ്യമായ സംരക്ഷണം ലഭിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. പല സംസ്ഥാനങ്ങളിലെ ഭരണാധികാരികളും അഭ്യര്‍ഥന മാനിച്ചിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്രയിലെ ജസ്ലോക്ക് ആശുപത്രിയില്‍ മലയാളി നഴ്സുമാര്‍ നേരിടുന്ന പ്രശ്നം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തും. മഹാരാഷ്ട്ര സര്‍ക്കാരുമായു ബന്ധപ്പെടും. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് അര്‍ഹമായ ചികിത്സ ലഭ്യമാക്കാന്‍ നോര്‍ക്ക വഴി മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ കുറിച്ചും ആരോഗ്യമന്ത്രി സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ വിസാകാലാവധി തീര്‍ന്നവര്‍, ഗര്‍ഭിണികള്‍, നാട്ടില്‍ വന്ന് ചികിത്സയെടുക്കേണ്ടവര്‍ അങ്ങനെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുവരും. അവരെ നിരീക്ഷണത്തിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ വലിയ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.