യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ്; സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വിചാരിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കെഎസ്‌ഐടിഎല്‍ നു കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐടി വകുപ്പ് അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രിക സ്വപ്‌നയാണെന്നാണ് സൂചന. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേസമയം സ്വപ്ന സുരേഷ് ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്‌ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നുവെന്നാണ് വിവരം. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. തടിപ്പിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള അറ്റഷെ ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടാകമെന്ന് കസ്റ്റംസ് സംശയിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താലെ ലഭിക്കൂ. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ആര്‍ക്കാണ് നല്‍കിയതെന്നും അന്വേഷിക്കുന്നുണ്ട്.

Exit mobile version