രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ശരീരം ചിത്രം വരയ്ക്കാന്‍ നല്‍കിയ സംഭവത്തില്‍ പോലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചത്. ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും അറസ്റ്റിന് സാധ്യത ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സമൂഹ മാധ്യമം വഴി ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് പോക്സോ നിയമത്തിലെ 75-ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. ‘ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പില്‍ രഹ്ന അവകാശപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version