ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് സന്നിധാനത്ത്..! നിലയ്ക്കലിലേയും പമ്പയിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തും

സന്നിധാനം: സന്നിധാനത്ത് മേല്‍നോട്ടം നടത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ശബരിമലയില്‍ ഇന്ന് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിലയ്ക്കലില്‍ എത്തുന്ന സംഘം പമ്പയിലും പരിശോധന നടത്തിയ ശേഷം രാത്രിയില്‍ സന്നിധാനത്ത് തങ്ങും. നാളെയാണ് സംഘം സന്നിധാനത്ത് സന്ദര്‍ശനം നടത്തുക.

ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിലക്കലിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആദ്യം വിലയിരിത്തും. ശേഷം വൈകീട്ട് മൂന്ന് മണിയോടെ സംഘം പമ്പയില്‍ എത്തും. തുടര്‍ന്ന് രാത്രിയോടെ സന്നിധാനത്തേക്ക് പോകും. സന്നിധാനത്തെ ക്രമീകരണങ്ങളെക്കുറിച്ച് നാളെയാണ് പരിശോധന നടത്തുക. ശബരിമല സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ക്രമസമാധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

അതേസമയം ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ സമിതി തീരുമാനമെടുക്കും. ജസ്റ്റിസുമാരായ പിആര്‍ രാമന്‍, സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

എന്നാല്‍, പ്രത്യേക സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഹൈക്കോടതിയുടേത് ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സര്‍ക്കാരിന്റെ വാദം. ഇതുസംബന്ധിച്ച ഹര്‍ജി ബുധനാഴ്ച നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

Exit mobile version