സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ്; ഒരു മരണം കൂടി

തിരുവനന്തപുരം; തുടര്‍ച്ചയായ പത്താം ദിവസവും കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ അധികം. സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 79 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24-ാം തീയതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കം വഴി 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍കോട്, തിരുവനന്തപുരം നാല് വീതം എന്നിങ്ങനെയാണ്.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 79 രോഗമുക്തി നേടി. തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരില്‍ നിന്നും സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

സ്വകാര്യ ലാബുകള്‍ കൂടി 1,71,846 വ്യക്തികളുടെ സാംപിള്‍ പരിശോധിച്ചതില്‍ 2774 എണ്ണത്തില്‍ ഫലം ഇനിയും വരാനുണ്ട്. സെന്റിനല്‍സ് സര്‍വ്വേ വഴി മുന്‍ഗണനാവിഭഗത്തില്‍പ്പെട്ട 46689 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 45065 എണ്ണം നെഗറ്റീവായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version