മിനിമം ബസ് ചാര്‍ജ്ജ് 10 രൂപ; വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും. കൊവിഡ് കാലത്ത് മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നും തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും 2 രൂപ വീതം കൂട്ടാമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ ഗതാഗത വകുപ്പ് സര്‍ക്കാറിന് കൈമാറി.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഈ ശുപാര്‍ശയനുസരിച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ക്കു വരുത്തേണ്ട വര്‍ധന നിര്‍ദേശിക്കാന്‍ കോര്‍പറേഷനോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ നിരക്ക് 50% ആക്കാനും ശുപാര്‍ശയുണ്ട്. കൊവിഡ് കാലത്ത് ക്ലാസുകളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ കൂട്ടിയേക്കില്ല. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെതാണ്.

കൊവിഡ് കാലത്ത് ബസ് വ്യവസായം മുന്നോട്ട് പോകണമമെങ്കില്‍ നിരക്ക് വര്‍ദ്ധനവ് അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. തിങ്കളാഴ്ച നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരാനാണ് സാധ്യത. പിന്നീട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ വെക്കും.സ്വകാര്യ ബസ് ഉടമകള്‍ ആവിശ്യപ്പെട്ടത് പോലെ തന്നെ മിനിമം ചാര്‍ജ് 12 രൂപ വേണമെന്ന നിലപാടാണ് കെഎസ്ആര്‍ടിസി, രാമചന്ദ്രന്‍ കമ്മീഷന് മുന്നില്‍ വെച്ചത്.

Exit mobile version