വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഏക ഉപജീവന മാര്‍ഗമായിരുന്ന കൃഷി ഉപേക്ഷിച്ചു, കുടുംബം പട്ടിണിയിലാവാതിരിക്കാന്‍ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

ഇടുക്കി: ആകെയുള്ള ഉപജീവനമാര്‍ഗമായിരുന്ന കൃഷി വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു, ജീവിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാതായതോടെ കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു. ഇടുക്കി കാന്തല്ലൂരിലെ ഗുഹനാഥപുരം സ്വദേശിനി വി രമണിക്കാണ് ഈ ദുരനുഭവം.

കൃഷിയിലൂടെയായിരുന്നു രമണിയും കുടുംബവും ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. നേരത്തെ വാഴ, കപ്പ, പഴം, പച്ചക്കറികള്‍ എന്നിവയാണ് ഇവര്‍ കൃഷി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് 65 വയസുകാരിയായ രമണി കൃഷി അവസാനിപ്പിക്കുകയായിരുന്നു.

ഇതോടെ കുടുംബം പട്ടിണിയിലാവാന്‍ തുടങ്ങിയതോടെയാണ് രമണി കാലവളര്‍ത്തലിലേക്ക് തിരിഞ്ഞത്. കറവ പശുവിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി നാട്ടിലിറങ്ങിയ കാട്ടാന പശുവിനെ കുത്തിയെറിയുകയായിരുന്നു.

സംഭവ സമയത്ത് രമണിയും പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് മരിച്ച രമണിയുടെ ഏക ഉപജീവന മാര്‍ഗമാണ് ഈ പശു. അതിനെയാണ് കാട്ടാന കുത്തിയെറിഞ്ഞത്. നാട്ടില്‍ കാട്ടാന ഇറങ്ങിയതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്. പ്രദേശത്തെ വിവിധ കൃഷിയിടങ്ങള്‍ കാട്ടാന ഇതിനോടകം നശിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്.

Exit mobile version